കേരള ലളിതകലാ അക്കാദമി 2019ലെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമി
2019ലെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

    ചിത്ര-ശില്പ കലാരംഗത്തെ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ലളിതകലാ അക്കാദമി നല്‍കുന്ന ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. 75,000/- രൂപയും പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്ന ഫെല്ലോഷിപ്പ് പ്രശസ്ത ചിത്രകാരന്‍ എന്‍.കെ.പി. മുത്തുകോയയ്ക്കും പ്രശസ്ത ശില്പി കെ. രഘുനാഥനും ലഭിച്ചു.

എന്‍.കെ.പി. മുത്തുക്കോയ
1941-ല്‍ ജനിച്ച എന്‍.കെ.പി. മുത്തുകോയയുടെ ബാല്യകാലവും വിദ്യാഭ്യാസവും കണ്ണൂരും കോഴിക്കോടുമായിരുന്നു. കെ.സി.എസ്. പണിക്കരുടെ കീഴില്‍ മദ്രാസിലെ  കോളേജ് ഓഫ് ആര്‍ട്ടിലാണ് തന്റെ കലാപഠനം പൂര്‍ത്തിയാക്കിയത്. 1964 മുതല്‍ നിരന്തരമായി സര്‍ഗ്ഗപ്രക്രിയയിലേര്‍പ്പെട്ടുകൊണ്ടിരിയ്ക്കുന്ന അദ്ദേഹം 1980-ലെ ട്രിനാലെയടക്കം നിരവധി ദേശീയ അന്തര്‍ദ്ദേശീയ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വളരെ മൗലികമായ കാവ്യാത്മക ശൈലിയാണ് അദ്ദേഹത്തിന്റെ രചനകളില്‍ കാണാനാവുക. ഒരു സര്‍റിയലിസ്റ്റിക്ക് സ്വഭാവമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ശരീരങ്ങളും മനുഷ്യന്റെ വ്യഥയുമാണ്. അതേസമയം അവ ഒരുതരം അക്ഷേപഹാസ്യം അടങ്ങുന്നതുമാണ്. 2011-ല്‍ കേരള ലളിതകലാ അക്കാദമിയുടെ പത്മിനി പുരസ്‌കാരം ലഭിച്ചിട്ടുള്ള അദ്ദേഹം അക്കാദമിയുടെ നിരവധി ദേശീയ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. 'ഇന്‍ട്രോ വര്‍ട്ട്', 'സാത്താനിക് ഗോസ്പല്‍സ്', 'ട്രംപന്റ് മ്യൂട്‌നി' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഡല്‍ഹിയിലെ നോയിഡയില്‍ സ്ഥിരതാമസമാക്കി അദ്ദേഹം തന്റെ സര്‍ഗ്ഗസപര്യ തുടരുന്നു.
രഘുനാഥന്‍ കെ.
    തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്നും കലാപഠനം പൂര്‍ത്തിയാക്കിയിട്ടുള്ള രഘുനാഥന്‍ കൊല്ലം പുനലൂര്‍ സ്വദേശിയാണ്. സംസ്ഥാനത്തും രാജ്യത്തും കലാരംഗത്ത് സജീവ സാന്നിധ്യമായ രഘുനാഥന്റെ ശില്പം 2005-ല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട 'ഡബിള്‍ എന്റേഴ്‌സ്' എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ 2008-ല്‍ ബെല്‍ജിയത്തിലെ മുഖ, ആന്റ് വെര്‍പ് സംഘടിപ്പിച്ച 'സന്താള്‍ ഫാമിലി'യില്‍ രഘുനാഥന്റെ ശില്പവും പ്രദര്‍ശിപ്പിച്ചിരുന്നു. 'റാഡിക്കല്‍ പെയ്‌ന്റേഴ്‌സ് & സ്‌കള്‍പ്‌റ്റേഴ്‌സില്‍ അംഗമായിരുന്ന രഘുനാഥന്‍ കേരള ലളിതകലാ അക്കാദമി പാലക്കാട് സംഘടിപ്പിച്ച ദേശീയ കരിങ്കല്‍ ശില്പകലാ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്.
    ഒരു നീണ്ടകാലയളവിലെ ദൃശ്യസ്മരണകളില്‍ നിന്നാണ് രഘുനാഥന്റെ ശില്പങ്ങള്‍ ഉരുത്തിരിയുന്നത്. ജനങ്ങള്‍ പൊതുവെ ആസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും, അവര്‍ അസംഖ്യ കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും നിരീക്ഷിക്കുന്ന രഘുനാഥന്‍ ഇവയെയെല്ലാം വിമര്‍ശനാത്മകമായ രീതിയിലാണ് കാണുന്നത്. ഫൈബര്‍, പ്ലാസ്റ്റര്‍, സിമന്റ്, കരിങ്കല്ല് തുടങ്ങി മാദ്ധ്യമം ഏതായാലും കാഴ്ചയുടെ ഒരു സര്‍ക്കാസമാണ് രഘുനാഥന്റെ രചനകളില്‍ കാണാന്‍ കഴിയുക.